കാർഷിക മേഖലയിലെ വന്യജീവി സംഘർഷത്തിന് പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ്; വിദഗ്ധരെയും കർഷകരെയും ഒരുമിപ്പിക്കും - കൃഷിമന്ത്രി ടി. സിദ്ദിഖ്*
*കാർഷിക മേഖലയിലെ വന്യജീവി സംഘർഷത്തിന് പരിഹാരം തേടി സംസ്ഥാനതല കോൺക്ലേവ്; വിദഗ്ധരെയും കർഷകരെയും ഒരുമിപ്പിക്കും - കൃഷിമന്ത്രി ടി. സിദ്ദിഖ്*
തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷിക മേഖലയെ ഗുരുതരമായി ബാധിക്കുന്ന വന്യജീവി ആക്രമണങ്ങൾക്കും അതുവഴിയുണ്ടാകുന്ന കൃഷിനാശത്തിനും ശാശ്വതവും പ്രായോഗികവുമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനായി വിദഗ്ധരെയും കർഷകരെയും നയരൂപീകരണ രംഗത്തെ പ്രതിനിധികളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല കോൺക്ലേവ് സംഘടിപ്പിക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് അറിയിച്ചു.
സെക്രട്ടേറിയറ്റിലെ ലയം ഹാളിൽ ജില്ലാ കൃഷി ഓഫീസർമാരുമായി നടത്തിയ സംസ്ഥാനതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
മലയോര മേഖലകളിൽ വന്യജീവി ആക്രമണം കർഷകരുടെ ജീവിതത്തെയും കാർഷിക ഉൽപ്പാദനത്തെയും പ്രതികൂലമായി ബാധിക്കുന്ന പ്രധാന വെല്ലുവിളിയായി മാറിയിരിക്കുകയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കർഷകരുടെ ആശങ്കകൾ നേരിട്ട് കേൾക്കുകയും ശാസ്ത്രീയവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നതിനാണ് കോൺക്ലേവ് സംഘടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ കൃഷി വികാസ് യോജന (RKVY) ഉൾപ്പെടെയുള്ള പദ്ധതികളുടെ ഫലപ്രദമായ വിനിയോഗത്തിലൂടെ വന്യജീവി ആക്രമണത്തെ പ്രതിരോധിക്കുന്നതിനുള്ള ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തെ കൃഷി വകുപ്പിന്റെ കീഴിലുള്ള 64 ഫാമുകളിലും ലഭ്യമായ മുഴുവൻ ഭൂമിയും കൃഷിയോഗ്യമാക്കി ഉൽപ്പാദന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്ന് മന്ത്രി നിർദേശിച്ചു.
കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിനും നൂതന കൃഷിരീതികൾ പ്രചരിപ്പിക്കുന്നതിനും സർക്കാർ ഫാമുകൾ മാതൃകാ കേന്ദ്രങ്ങളായി വികസിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ എല്ലാ കൃഷി ഫാമുകളെയും ഫാം ടൂറിസം ശൃംഖലയുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു. കൃഷി, പ്രകൃതി, ജൈവവൈവിധ്യം, കാർഷിക പൈതൃകം എന്നിവ ജനങ്ങൾക്ക് കൂടുതൽ പരിചയപ്പെടുത്തുന്നതിനും വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കും കാർഷിക മേഖലയെ അടുത്തറിയുന്നതിനും ഫാം ടൂറിസം പദ്ധതികൾ സഹായകരമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവജനങ്ങളെ കാർഷിക മേഖലയുമായി കൂടുതൽ അടുപ്പിക്കുന്നതിനായി സമഗ്രമായ പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ആരംഭിക്കുന്ന കതിര് കാർഷിക ക്ലബ്ബുകൾ അതിന്റെ ആദ്യപടിയാണെന്നും ഘട്ടംഘട്ടമായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കാർഷിക മേഖലയിലേക്ക് ആകർഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ പച്ചക്കറി ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള കർമ്മപദ്ധതികൾ കൂടുതൽ വിപുലപ്പെടുത്തുമെന്നും മന്ത്രി അറിയിച്ചു.
2026 അന്താരാഷ്ട്ര തലത്തിൽ വനിതാ കർഷകരുടെ വർഷമായി ആചരിക്കുന്ന പശ്ചാത്തലത്തിൽ കൃഷി വകുപ്പ് 'ഹരിത സഖി' എന്ന ബൃഹത് പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വനിതാ കർഷകരെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 300 ഗ്രൂപ്പുകളായി സംഘടിപ്പിച്ച് പ്രോജക്ട് അധിഷ്ഠിത പിന്തുണയും സാങ്കേതിക സഹായവും വിപണന പിന്തുണയും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന 'ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം' പദ്ധതി ജനകീയ കാർഷിക മുന്നേറ്റമായി മാറണമെന്നും മന്ത്രി ആഹ്വാനം ചെയ്തു. സംസ്ഥാനത്തെ കൃഷിയോഗ്യമായ ഒരു ഇഞ്ച് ഭൂമിപോലും തരിശായി കിടക്കരുതെന്നും ലഭ്യമായ എല്ലാ സ്ഥലങ്ങളിലും കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് വിഷരഹിത പച്ചക്കറികളുടെയും പുഷ്പങ്ങളുടെയും ലഭ്യത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്നും ഈ ഉദ്യമത്തിൽ കർഷകർ, വിദ്യാർത്ഥികൾ, യുവജനങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും പങ്കാളികളാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
കേരളത്തിന്റെ ഭക്ഷ്യസുരക്ഷയും ജനങ്ങളുടെ ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള ജനകീയ പ്രസ്ഥാനമായി 'വിളവിന്റെ വിസ്മയം' മാറണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പ്രധാന ജലസേചന കനാലുകളിൽ ജലപ്രവാഹം തടസ്സപ്പെടുന്ന മേഖലകളെക്കുറിച്ച് സമഗ്ര വിവരശേഖരണം നടത്തി അടിയന്തര റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കാർഷികോൽപ്പാദനം വർധിപ്പിക്കുന്നതിൽ ജലലഭ്യത നിർണായക ഘടകമാണെന്നും ജലസേചന സംവിധാനങ്ങൾ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
യോഗത്തിൽ വിവിധ ജില്ലകളിലെ കാർഷിക സാഹചര്യം, കാലാവസ്ഥാ വ്യതിയാനങ്ങൾ സൃഷ്ടിക്കുന്ന വെല്ലുവിളികൾ, കർഷകർ നേരിടുന്ന പ്രശ്നങ്ങൾ, ഉൽപ്പാദന-വിപണന രംഗങ്ങളിലെ പ്രതിസന്ധികൾ എന്നിവ വിശദമായി ചർച്ച ചെയ്തു. ഓരോ ജില്ലയിലെയും പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തിയ മന്ത്രി, പ്രശ്നങ്ങൾക്ക് സമയബന്ധിത പരിഹാരം കണ്ടെത്തുന്നതിനും പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനും ആവശ്യമായ നിർദേശങ്ങൾ നൽകി.
ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം, കതിര്‍ കാര്‍ഷിക ക്ലബ്ബുകള്‍, ഹരിത സഖി തുടങ്ങിയ നൂതന പദ്ധതികളിലൂടെ കേരളത്തിന്റെ കാര്‍ഷിക മുന്നേറ്റത്തിന് പുതിയ ദിശാബോധം നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. കാര്‍ഷിക വികസനത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റുന്നതിനുള്ള ഈ പദ്ധതികളുടെ ജില്ലാതല ആസൂത്രണവും നടപ്പാക്കലും അതീവ ഗൗരവത്തോടെയും കാര്യക്ഷമതയോടെയും നിര്‍വഹിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കാര്‍ഷികോല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനൊപ്പം യുവജനങ്ങളെയും വനിതകളെയും വിദ്യാര്‍ത്ഥികളെയും കാര്‍ഷിക മേഖലയുമായി കൂടുതല്‍ ബന്ധിപ്പിക്കുന്നതിലും ഈ പദ്ധതികള്‍ നിര്‍ണായക പങ്കുവഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനുമായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് വ്യക്തമാക്കിയ മന്ത്രി, ഉദ്യോഗസ്ഥർ കർഷകർക്കൊപ്പം നിന്ന് പ്രവർത്തിക്കണമെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ കേരളത്തിന്റെ കാർഷിക ഭാവിയെ കൂടുതൽ സുരക്ഷിതവും സമൃദ്ധവുമാക്കണമെന്നും ആഹ്വാനം ചെയ്തു.
കാർഷികോത്പാദന കമ്മീഷണർ ഡോ. മിൻഹാജ് ആലം IAS, കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ടി.വി. സുഭാഷ് IAS, കൃഷി വകുപ്പ് ഡയറക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമൻ IAS എന്നിവർ യോഗത്തിൽ പങ്കെടുത്തു.
*



അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ