ആരോഗ്യ വകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി സ്ഥലം മാറ്റിയ ഉത്തരവ് പിൻവലിക്കുക
ആരോഗ്യ വകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി സ്ഥലം മാറ്റിയ ഉത്തരവ് പിൻവലിക്കുക — കെ.ജി.ഒ.എ
കേരളത്തിന്റെ പൊതു ആരോഗ്യമേഖല അതീവ ജാഗ്രതയും ഏകോപിത ഇടപെടലുകളും ആവശ്യപ്പെടുന്ന നിർണായക ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. നിപ, വെസ്റ്റ് നൈൽ, ഷിഗെല്ല തുടങ്ങിയ ഗുരുതര പകർച്ചവ്യാധികളും സംസ്ഥാനമൊട്ടാകെ വ്യാപിക്കുന്ന പനിബാധകളും ഉയർത്തുന്ന വെല്ലുവിളികൾക്കിടയിൽ, പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനതലത്തിൽ കാര്യക്ഷമമായി ഏകോപിപ്പിക്കേണ്ട ആരോഗ്യ വകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി സ്ഥലംമാറ്റിയ സർക്കാർ നടപടി അത്യന്തം ആശങ്കാജനകവും ആരോഗ്യ മേഖലയ്ക്ക് തിരിച്ചടിയുമാണെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. ആരോഗ്യ മേഖലയിലെ തുടർച്ചയും ഭരണകാര്യക്ഷമതയും തകർക്കുന്ന ഈ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്ന് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
നൂതനവും ശാസ്ത്രീയവുമായ ആരോഗ്യ ഇടപെടലുകളിലൂടെ ലോകശ്രദ്ധ നേടിയ കേരളത്തിന്റെ പൊതുആരോഗ്യ മാതൃക രൂപപ്പെട്ടത് ആരോഗ്യ രംഗത്ത് സമർപ്പണബോധത്തോടെയും ദീർഘദർശിത്വത്തോടെയും പ്രവർത്തിച്ച ഉദ്യോഗസ്ഥരുടെയും ആരോഗ്യപ്രവർത്തകരുടെയും കൂട്ടായ പരിശ്രമഫലമായാണ്. അത്തരം പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെ തരംതാഴ്ത്തുകയും അപ്രതീക്ഷിതമായി സ്ഥലംമാറ്റുകയും ചെയ്യുന്നത് ആരോഗ്യ മേഖലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെ മനോവീര്യം തകർക്കുന്നതാണ്. ഇത് പൊതുആരോഗ്യ സംവിധാനത്തിന്റെ കാര്യക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നും സംഘടന ചൂണ്ടിക്കാട്ടി.
ജനങ്ങളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ വകുപ്പ് ഉൾപ്പെടെയുള്ള നിർണായക വകുപ്പുകളിൽ സ്ഥലംമാറ്റങ്ങൾ സുതാര്യവും ഏകീകൃതവുമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ട്രാൻസ്ഫർ സംവിധാനത്തിലൂടെയാണ് നടപ്പാക്കപ്പെടേണ്ടത്. എന്നാൽ ഭരണമാറ്റത്തിന്റെ മറവിൽ ഈ മാനദണ്ഡങ്ങൾ അട്ടിമറിക്കപ്പെടുകയും വ്യക്തിപരവും രാഷ്ട്രീയപരവുമായ ഇടപെടലുകൾക്ക് വഴി തുറക്കപ്പെടുകയും ചെയ്യുന്നത് ഭരണസംവിധാനത്തിന്റെ വിശ്വാസ്യത തന്നെ തകർക്കുന്നതാണ്.
ആരോഗ്യ വകുപ്പ് ഉൾപ്പെടെ എല്ലാ വകുപ്പുകളിലും മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടുള്ള ജനറൽ ട്രാൻസ്ഫർ അടിയന്തരമായി നടപ്പിലാക്കുകയും ആരോഗ്യ വകുപ്പ് ഡയറക്ടറെ തരംതാഴ്ത്തി സ്ഥലംമാറ്റിയ ഉത്തരവ് പിൻവലിക്കുകയും ചെയ്യണമെന്ന് കെ.ജി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. ഷാജഹാനും സംസ്ഥാന പ്രസിഡന്റ് എം.എൻ. ശരത്ചന്ദ്രലാലും ആവശ്യപ്പെട്ടു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ