പ്രിയദർശിനി തട്ടിപ്പ്" അവസാനിപ്പിക്കണം, സ്ത്രീകൾക്ക് മുഴുവൻ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്

 "




പ്രിയദർശിനി തട്ടിപ്പ്" അവസാനിപ്പിക്കണം, സ്ത്രീകൾക്ക് മുഴുവൻ ബസുകളിലും സൗജന്യ യാത്ര ഉറപ്പാക്കണം: എസ് സുരേഷ്



സ്ത്രീകൾക്ക് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സൗജന്യ യാത്ര അനുവദിക്കണമെന്ന ആവശ്യവുമായി ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ചിന്റെ തിരുവനന്തപുരം ജില്ലയിലെ ഉദ്ഘാടനം ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് നിർവഹിച്ചു.


തിരഞ്ഞെടുപ്പ് കാലത്ത് സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര നൽകുമെന്ന യുഡിഎഫിന്റെ വാഗ്ദാനം വിശ്വസിച്ച് നിരവധി സ്ത്രീകൾ പിന്തുണ നൽകിയിരുന്നു. എന്നാൽ അധികാരത്തിലെത്തിയ ശേഷം വാഗ്ദാനം പൂർണമായി നടപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടിരിക്കുകയാണ്‌. സൗജന്യ യാത്രയുണ്ടെന്ന് പ്രഖ്യാപിക്കുമ്പോഴും ഏതെല്ലാം ബസുകളിലാണ് ആനുകൂല്യം ലഭ്യമാകുന്നതെന്ന് യാത്രക്കാർക്ക് പോലും വ്യക്തതയില്ലാത്ത സാഹചര്യമാണുള്ളത്. ഇന്നലെ വരെ ഓർഡിനറി സർവീസായിരുന്ന നിരവധി ബസുകൾ സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ ഉൾപ്പെടെയുള്ള വിഭാഗങ്ങളാക്കി മാറ്റി സൗജന്യ യാത്രയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുകയാണുണ്ടായത് എന്ന്‌ അദ്ദേഹം പറഞ്ഞു.


ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് ഇനി ബസ് എവിടേക്കാണ് പോകുന്നതെന്ന് നോക്കുന്നതിന് മുമ്പ് അതിൽ സൗജന്യ യാത്ര ലഭിക്കുമോയെന്ന് പരിശോധിക്കേണ്ട അവസ്ഥയാണ്. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുമെന്ന വാഗ്ദാനം ആത്മാർത്ഥമായിരുന്നുവെങ്കിൽ അത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും നടപ്പാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുന്നതിൽ യുഡിഎഫ് പരാജയപ്പെട്ടിരിക്കുകയാണെന്നും, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ കഴിയില്ലെന്നും എസ്. സുരേഷ് പറഞ്ഞു. സ്ത്രീകൾക്ക് നൽകിയ വാഗ്ദാനം പൂർണമായി നടപ്പാക്കുന്നതുവരെ ബിജെപി ശക്തമായ പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിക്ക് വി.ഡി. സതീശന്റെ നേതാവായിരുന്ന ഇന്ദിരാ പ്രിയദർശിനിയുടെ പേര് നൽകിയിരിക്കുകയാണെന്നും, അതിനാൽ ഈ വാഗ്ദാന ലംഘനം ഇനി മുതൽ “പ്രിയദർശിനി തട്ടിപ്പ്” എന്ന പേരിൽ അറിയപ്പെടുമെന്നും അദ്ദേഹം വിമർശിച്ചു.


സ്ത്രീകൾ ഇതിനകം പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിൽ, ബിജെപിയുടെയും, മഹിളാമോർച്ചയുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിന് മുന്നിലും സംസ്ഥാനത്തെ വിവിധ ബസ് സ്റ്റാൻഡുകളിലും ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കുമെന്നും എസ്. സുരേഷ് അറിയിച്ചു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

സുഗതന് താത്കാലിക ജാമ്യം: യുഡിഎഫ്-എൽഡിഎഫിന് കടുത്ത തിരിച്ചടിയെന്ന് കരമന ജയൻ

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന് ഐ എ പി കേരളയുടെ പുതിയ പദ്ധതികൾ: കുഞ്ഞൂണ് & സ്മാർട്ട് അംഗനവാടി

ഇതാണ് മേക് ഇൻ ഇന്ത്യയുടെ ശക്തി: ഇന്ത്യ 100% തദ്ദേശീയമായി നിർമ്മിച്ച 'പ്രചണ്ഡ്' യുദ്ധ ഹെലികോപ്റ്റർ*